ഖസാക്കിന്റെ ഇതിഹാസം
പണ്ടുപണ്ട്, ഓന്തുകൾക്കും മുൻപ്, ദിനോസറുകൾക്കും മുൻപ്,
ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി.
അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു
ചോദിച്ചു. പച്ചപിടിച്ച താഴ്വര. ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ
നിൽക്കട്ടെ.
എനിയ്ക്ക് പോകണം. അനുജത്തി പറഞ്ഞു.
അവളുടെ മുമ്പിൽ നീണ്ടുകിടന്ന അനന്തപഥങ്ങളിലേക്ക്
അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമപരമ്പരയുടെ
സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും
ദുഖവും മാത്രമേയുള്ളു.
അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയിൽ
ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുന്നിൽനിന്ന് വീണ്ടുമവൾ
വളർന്നു. അവൾ വലുതായി, വേരുകൾ പിതൃക്കളുടെ
കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലുകുടിച്ച് ചില്ലകൾ പടർന്നു
തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി
ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു
നിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂനുള്ളിയെടുത്തപ്പോൾ
ചെമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നല്ലോ.....

From ഖസാക്കിന്റെ ഇതിഹാസം (O V Vijayan)