മൂന്നിന്റെ അവസാന ഭാഗം

നിങ്ങൾക്കറിയില്ല. ഞാനൊരു ദേശാടാനപ്പക്ഷിയാണ്. ഈ ലോകം മുഴുവൻ ഞാൻ ചുറ്റിക്കാണുന്നു. കുന്നുകളും താഴ്-വാരങ്ങളും മണലും കടന്ന് ഞാൻ പറക്കുന്നു. ഞാൻ സ്വതന്ത്രനാണ് സാഗർ, ഞാൻ സ്വതന്ത്രനാണ്.

തുരുമ്പിച്ച ആ ചാവിയിട്ട് പഴയ പൂട്ടുതുറന്ന് അയാൾ മുറിക്കകത്തേയ്ക്ക് കയറി. ഇന്നലെ കസേരക്കുമുകളിലേക്കെറിഞ്ഞ മുഷിഞ്ഞ ലുങ്കിയെടുത്തുടുത്തു. മേശയ്ക്ക് മുകളിൽ കുന്നുകൂടിയ സാധനങ്ങൾ തട്ടിമാറ്റി, സഞ്ചിയിൽനിന്ന് പുസ്തകവും പെന്നും, തന്റെ ഓൾഡ് മങ്കിന്റെ കുപ്പിയും എടുത്തുവച്ചു. ജനൽപ്പാളികൾ തുറന്ന് അയാളിരുന്നു. മേശയുടെ ഒരു മൂലയ്ക്കിരുന്ന ഗ്ലാസ്സിലെ വെള്ളം ജനൽക്കമ്പികൾക്കിടയിലൂടെ പുറത്തേക്കൊഴിച്ചുകളഞ്ഞു. പുറത്ത് ഒരുകൂട്ടം കുട്ടികൾ ഉറക്കെ കലപില കൂടിക്കൊണ്ടോടി.

നാശം. കുപ്പി പൊട്ടിച്ച് അയാൾ ഗ്ലാസ്‌ നിറച്ചു. ഒറ്റ വലിക്ക് അതകത്താക്കി ആഷ്ട്രെയിൽ തിരുകിയ, പാതിവലിച്ച സിഗരെറ്റെടുത്തുവെച്ച് കത്തിച്ചു. കഴിഞ്ഞ ആഴ്ച്ച കടപ്പുറത്തുവെച്ചു കണ്ട ചുവന്ന പട്ടങ്ങളെ ഓർത്തുകൊണ്ട് അയാളിരുന്നു. നരൻ എന്തൊക്കെയോ പുസ്തകത്തിൽ കുറിച്ചു. തന്റെ മനസ്സ് അന്നുകണ്ട കടലായ് മാറുന്നത് നരനറിഞ്ഞു. കസേരയിലിരുന്നുകൊണ്ട് അയാൾ പിന്നിലേക്കാഞ്ഞു. എട്ടുകാലികൾ മച്ചിലിരുന്ന് തന്റെ കൈപ്പേറിയ സിഗരറ്റുകൾ വലിയ്ക്കുന്നതുകണ്ടു. അവരും അതാസ്വദിക്കുകയാണോ? എഴുതുന്നതെല്ലാം ഒട്ടും മിനുസപ്പെടുത്താത്ത, എവിടെയോ കണ്ടുമറന്ന അവ്യക്തങ്ങളായ കരിങ്കൽ ശില്പങ്ങളായിമാറി.

വിദൂരതയിൽ കേട്ട കാക്കകളുടെ നിലവിളി പോലെ - വരികൾക്കിടയിലെ ശൂന്യതയിലേക്ക് അവ മറയുകയാണ്. മദ്യം വീണ്ടും ഒഴുകുകയാണ്.

old tirur at night
വണ്ടികൾ ഹോണടിച്ചുകൊണ്ട് അയാളുടെ ഇരുവശങ്ങളിലൂടെയും കടന്നുപൊയ്ക്കൊണ്ടിരുന്നു. കാണുന്നതെല്ലാം അയാളുടെ കണ്ണുകളെ വേദനിപ്പിച്ചു. തൊടുന്നതെല്ലാം വിരൽത്തുമ്പുകളെ എരിച്ചുകളഞ്ഞു. ചുറ്റുമുയർന്ന ശബ്ദങ്ങൾ ചെവിക്കല്ലുകളെ പൊട്ടിച്ചുകളയുമെന്നു തോന്നി. ഇരു കൈകൾകൊണ്ടും അയാൾ ചെവി മൂടി. കണ്ണുകളിറുക്കി. വേദനകൾക്കിടയിലൂടെ പരിചിതമായ ഒരു ശബ്ദം അയാളെ തേടിവന്നു. പല്ലുകൾ കൂട്ടിക്കടിച്ചുകൊണ്ട് അയാൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കണ്ണെത്തും ദൂരമത്രയും ചുട്ടു പഴുത്ത, ചുവന്ന ചരലാണ്.

അങ്ങകലെ അവളുടെ രൂപം ഒരു മരീചികയെന്നോണം നിന്നാടിയുലയുന്നത് അയാൾ കണ്ടു. സർവ്വ ശക്തിയുമെടുത്ത് നരൻ അവളുടെയെടുത്തേയ്ക്കോടി. ചുവന്ന കല്ലുകൾ അയാളുടെ പാദങ്ങളിലേക്ക് തറച്ചു കയറി. അവളുടെ രൂപം അടുത്തടുത്ത് വന്നു.

അയാൾ വീണു, വീണ്ടും എഴുന്നേറ്റു. പല തവണ അയാൾ നിലത്ത് വീണുരുണ്ടു. കീറിയ മുണ്ട് ഊർന്നുപോകാതെ കൂട്ടിപ്പിടിച്ചുകൊണ്ടോടി. അവളുടെ മുന്നിൽ കുനിഞ്ഞു നിന്ന് കിതക്കുമ്പോൾ താനെത്ര ദൂരം ഓടിയെന്നായാൾ ഓർക്കാൻ ശ്രമിച്ചു. കിതച്ചുകൊണ്ട് തലയുയർത്തി നരൻ ലതികയെ നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും മനസ്സിലാകുന്നില്ല. അവളുടെ കൈകളെവിടെ? അവളുടെ ഉടുപ്പിന്റെ ഒഴിഞ്ഞ കൈകൾ പൊടിക്കാറ്റിൽ പാറുന്നു.

“എവിടെ? നിന്റെ കൈകളെവിടെ?”

അവളുടെ കവിളിൽനിന്നും ഉറ്റിയ കണ്ണുനീർ തുള്ളികൾ നിലത്തെ പൊടിയിൽ കറുത്ത ഗർത്തങ്ങൾ നിർമിച്ചു. മണ്ണിന്റെ ദാഹം അവയെ മായ്ച്ചുകൊണ്ടേയിരുന്നു. കല്ലുകൊണ്ടു കീറി നരന്റെ ദേഹത്തുനിന്നുവീണ രക്തം അവളുടെ കണ്ണുനീർ നിർമ്മിച്ച ഗർത്തങ്ങൾക്കടുത്ത് കറുത്ത് കട്ടപിടിച്ചു കിടന്നു. നരൻ അവളുടെ തോളിനുപിടിച്ച് കുലുക്കികൊണ്ട് വീണ്ടും ചോദിച്ചു.

“എന്നെ ഊട്ടിയ, വാരിപ്പുണർന്ന എന്റെ കൈകളെ നീ എന്തു ചെയ്തു?”

അവളുടെ മുഖം ശാന്തമാണ്, കവിളുകൾ വിടർന്നു - അവൾ ചിരിചു. അവരുടെ തലക്കുമുകളിൽ, മേഘശകലങ്ങൾ സൂര്യന് വഴിമാറി. തന്നെ കരിച്ചുകളയാൻ നോക്കുന്നതാരെന്നറിയാൻ നരൻ മുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ വെളിച്ചം നിറഞ്ഞു, അവ തുറക്കുകയാണ്.

പുറത്ത് സായാഹ്നം തെരുവിനെ ചുവപ്പിലും മഞ്ഞയിലും അലങ്കരിച്ചുതുടങ്ങിയിരുന്നു. താൻ വീണ്ടും മയങ്ങിപ്പോയിരിക്കുന്നു. അയാളുടെ നെറ്റിയിൽനിന്നും പുസ്തകത്തിലേക്കിറങ്ങിയ വിയർപ്പ് എഴുതിയതിനെയത്ത്രയും കടലാസ്സിൽ പരന്ന അല്പം മഷി മാത്രമാക്കി മാറ്റിയിരിക്കുന്നു. തന്റെ കലാസൃഷ്ടി അതിന്റെ ശരിയായ രൂപം കൈക്കൊണ്ടിരിക്കുന്നു. തന്റെ വാക്യങ്ങളെക്കാൾ ഭംഗിയുണ്ടിതിന്. അയാൾക്ക് തമാശ തോന്നി.

“നിന്നെ, നിന്റെ കരങ്ങളെ ഞാനത്രയും സ്നേഹിച്ചു. ഇന്നവ അകലെയാണ്, അപരിചിതമാണ്. അവ മറ്റൊരാളുടേതാണ്. എന്നെ ഉറക്കിയിരുന്ന ആ മൃദുസ്പർശങ്ങളുടെ ഓർമ്മ എന്റെ രാത്രികൾക്ക് പകലിന്റെ ദൈർഘ്യം നൽകുന്നു. എന്റെ പകലുകളെ സ്വപ്നങ്ങളാക്കി മാറ്റുന്നു.

എന്റെ വാക്കുകൾക്ക് വീണ്ടും അർത്ഥം നഷ്ടമാകുകയാണ്. എന്റെ അക്ഷരങ്ങൾ ഈ കടലാസ്സിൽനിന്നുമുയർന്ന്, ജനാലയിലൂടെ പറന്ന് പുറത്തേക്കു പോകുകയാണ്. അവ വിഘടിച്ച് എനിക്കുചുറ്റും പാറിനടക്കുകയാണ്.”

നരൻ എഴുതി മുഴുമിപ്പിച്ചു.